കേരള സർക്കാർ സേവനങ്ങൾ ഇനി ഒറ്റ വെബ്സൈറ്റിൽ

 


 എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇ സേവനം (https://www.services.kerala.gov.in/) എന്ന ഏകീകൃത പോർട്ടൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നു. 

ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ ഇ സേവനം മുഖേന ലഭ്യമാകും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ ഒൻപതെണ്ണമായി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.

ഇതിനു പുറമേ, 450 സേവനങ്ങൾ ഉൾപ്പെടുത്തിയ m-Sevanam എന്ന മൊബൈൽ ആപ്പും തയ്യാറായിക്കഴിഞ്ഞു. ഈ ആപ്പ് ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കാനും ഈ ഏകീകൃത സംവിധാനം സഹായകമാകും.

വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ  സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്ബോർഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ  അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിൻ്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.

ഇതിനു പുറമേ കേരള സർക്കാരിൻ്റെ വെബ് പോർട്ടൽ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. 

വളരെ പുതിയ വളരെ പഴയ